കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ ഇന്ന് ഒടിടി (OTT) യിൽ ലഭ്യമായി.
Amazon prime-ലും Simply south എന്നി രണ്ട് പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്.
തീയേറ്ററുകളിൽ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു എന്നതിനാൽ ഓൺലൈൻ റിലീസ് അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ചിത്രം ഇന്ന് റിലീസ് ആകും എന്ന് അറിയാമിരുന്ന കൊണ്ട് രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ഉടനെ ആമസോൺ പ്രൈംമിൽ ചെന്ന് സിനിമ വന്നോ എന്ന് നോക്കുകയായിരുന്നു.
അപ്പോൾ തന്നെ സിനിമ കാണാൻ തുടങ്ങി തുടക്കം പതിയെ ആയിരുന്നു എങ്കിലും ആവശ്യത്തിന് നിഗൂഢതയുടെ കണികകൾ അവശേഷിപ്പിച്ചിരുന്നു.
ആദ്യത്തെ കുറച്ചധികം നേരം നായക കഥാപാത്രമായ ജോൺ ബേബിയെയും അയാളുടെ സുഹൃത്തിനെയും അയാളുടെ ഭാര്യയെയും അവതരിപ്പിക്കാൻ എടുക്കുന്നു.
ഇവർ സിനിമയിലുടനീളം കഥയോട് ചേർന്ന് പോകുന്നവരാണ്.
സിനിമയിൽ കഥാപാത്രങ്ങളുടെ എണ്ണം കുറവാണ് എങ്കിലും അവർക്കെല്ലാവർക്കും ആവശ്യത്തിന് സ്ക്രീൻ പ്രസൻസ് സംവിധായകൻ നല്കുന്നുണ്ട്.
നായക കഥാപാത്രമായ ജോൺ ബേബി, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജിയാണ്, സുഹൃത്ത് ഒരു അധ്യാപകനും, ഭാര്യ
ശാലിനി ഒരു ഡോക്ടറുമാണ് , child psychologist അവരിൽ നിന്ന് കിട്ടുന്ന ഒരു കഥയും അതിന്റെ പുറകെ ഉള്ള ഇവരുടെ അന്വേഷണവുമാണ് തുടർന്ന്.
ഒരു സ്കൂൾ കുട്ടി, അസാധാരണമായ ഒരു കഥ, അതും കൊലപാതക കഥ ക്ലാസിൽ പറയുന്നു. സംശയം തോന്നിയ ടീച്ചേഴ്സ് അത് റിപ്പോർട്ട് ചെയ്യുകയുമാണ് ഉണ്ടാവുന്നത്.
ആ കുട്ടിയുടെ അമ്മയാണ് നയൻതാര അവതരിപ്പിക്കുന്ന ശർമിള.
ഒരു കൗതുകത്തിന് കഥയുടെ സത്യാവസ്ഥ അറിയാൻ പോകുന്ന ജോൺ ബേബി ... അത് ഒരു യഥാർത്ഥ സംഭവമാണ് എന്ന് തിരിച്ചറിയുന്നു!!!
കുട്ടിക്ക് ആ കഥകൾ എവിടുന്നു കിട്ടി എന്നും അതിന്റെ സ്രോതസ്സ് തേടിയുള്ള, നായികയുടെയും നായകന്റെയു. അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് സിനിമ തുടർന്ന് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഇത്രയും ചെറിയ ഒരു കഥയെ 2 മണിക്കൂർ ആക്കി അവതരിപ്പിക്കാൻ ശ്രമിച്ച സാഹസം തന്നെ സിനിമക്ക് വിന ആയി എന്ന് തോന്നി.
കാരണം ലോക്ക്ഡൗൺ അല്ലേ ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കാം എന്ന് പ്രതീക്ഷിച്ച ഞാൻ...നന്നേ പണിപ്പെട്ടു... ബ്രേക്ക് എടുത്താണ് സിനിമ കണ്ട് തീർത്തത്.
തുടക്കത്തിൽ ഒരു ആകാംക്ഷ തോന്നുന്നു എങ്കിലും...ആ ആകാംക്ഷ നിർമ്മിക്കാൻ ആദ്യ സമയങ്ങളിലെ മെല്ലെ പോക്ക് സഹായിച്ചു എന്നത് വാസ്തവമാണ്
എന്നാൽ തുടർന്നും സാവധാനം നടന്നു നീങ്ങിയ സിനിമ , ക്ലൈമാക്സ് അടുക്കുമ്പോൾ നല്ല വേഗത്തിൽ, ചടുലതയിൽ, ആകാംക്ഷയിൽ, അമ്പരപ്പിൽ, സമ്മാനിച്ചു അവസാനിക്കും എന്ന് ഞാൻ തീർച്ചയായും പ്രതീക്ഷിച്ചു..
എന്നാൽ വളരെ പതിയെ പോയ. കഥ പതിയെ ആയി എന്നതല്ലാതകാര്യമായ മാറ്റങ്ങൾ വന്നില്ല..
മൊത്തത്തിൽ ലോക്ക് ഡൗൺ കാലത്ത് ഒരു തവണ വേഗം കണ്ടിരിക്കാവുന്ന ഒരു ചിത്രമായി നിഴലിനെ കൂട്ടാം.
സിനിമ അതിമനോഹരമായ വിഷ്വലുകൾ കൊണ്ടും മികവാർന്ന പശ്ചാത്തല സംഗീതം കൊണ്ടും കൃത്യമായ എഡിറ്റിംഗ് കൊണ്ടും സമ്പന്നമാണ് , സിനിമയുടെ തുടക്കത്തിലെ ആ മൂഡ് സെറ്റ് ചെയ്യുന്നതിൽ അതിൽ ടെക്നിക്കൽ സൈഡ് വളരെയധികം ആത്മാർത്ഥതയോടെ പരിശ്രമിച്ചു.
സംവിധായകൻ ഒരു എഡിറ്റർ ആയിരുന്നു എന്നതിനാൽ ആവണം, ടെക്നിക്കൽ വശങ്ങളിലെ ആ സൂക്ഷ്മതക്ക് കാരണം.
മികച്ച കളർ ഗ്രേഡിങ് ഉറപ്പാക്കിയിട്ടുണ്ട്. സിനിമയുടെ ഒഴുക്കിനൊപ്പം നീങ്ങുന്ന പശ്ചാത്തലസംഗീതം ഒരിടത്തുപോലും കല്ലുകടി ആയിട്ട് അനുഭവപ്പെട്ടിട്ടില്ല, ആദ്യം നാടകീയരംഗങ്ങൾ കുത്തു നടക്കാത്തതിനാൽ ആവണം അത് സാധ്യമായത്.
മലയാളത്തിൽ വന്നിട്ടുള്ള ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണശൈലി കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്,
ത്രില്ലറുകൾ സ്ഥിരം പിന്തുടരുന്ന മാർഗങ്ങൾ ഇവിടെയില്ല, ചില സിനിമകളിലെ പോലെ ക്രൂരമായ കൊലപാതക രംഗങ്ങളോ വയലൻസ് സീനുകളോ ചിത്രത്തിലില്ല.
ഇങ്ങനെയും ത്രില്ലർ കഥ പറയാം എന്ന ഒരു വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ആണ് സംവിധായകൻ ശ്രമിച്ചതെങ്കിലും അത് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കേണ്ടതാണ്.
ഇവയെല്ലാം മികച്ച് നിന്നിട്ടും, കെട്ടുറപ്പില്ലാത്ത തിരക്കഥയും, പതിഞ്ഞ താളത്തിലെ അവതരണവും സിനിമയെ പിന്നോട്ടടിച്ചു. സിനിമയ്ക്ക് വിനയായത് രണ്ടാംപകുതിയിലെ തിരക്കഥയിൽ ഉണ്ടായ പ്രശ്നങ്ങളാണ്,
ചില അപ്രതീക്ഷിത കഥഗതികളൊക്കെ സമ്മാനിച്ച് പ്രേക്ഷകരെ ആകാംഷയിൽ എത്തിക്കുന്ന തരത്തിൽ വന്നതാണ് എങ്കിലും, അവസാന ഭാഗങ്ങളിലെ യുക്തിയില്ലായ്മ യും ഒരുതരത്തിൽ ബാധിക്കുന്നുണ്ട്.
സിനിമയ്ക്ക് കുറച്ചുകൂടി നന്നായി അവസാനിപ്പിക്കാനുള്ള അനവധി വഴികൾ ഉണ്ടായിരുന്നു എന്നാലും സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുത്ത വഴി അത്ര മികച്ച തായോ എന്ന് സ്വയം വിമർശനത്തോടെ അവർ പരിശോധിക്കട്ടെ.
ഒരു പ്രേക്ഷകനെന്ന നിലയിൽ ഈ സിനിമ കുറച്ചുകൂടി മികച്ചതായി അവസാനിപ്പിക്കാമായിരുന്നു എന്ന ചിന്തയാണ് എനിക്ക് ഉണ്ടായത് കാരണം ഇത്രയും നന്നായി , വ്യത്യസ്തമായി ഒരു ത്രില്ലർ പറഞ്ഞു വന്നിട്ട് അവസാനം കലമുടച്ച പോലെയായി.
നയൻതാര, കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ, റോണി, സൈജു കുറുപ്പ് , ആ കുട്ടി തുടങ്ങിയ എല്ലാവരും ഭേദപ്പെട്ട പ്രകടനം തന്നെയാണ് നടത്തിയത്..
എന്റെ അഭിപ്രായത്തിൽ അവർക്ക് ഒരു തരത്തിലും വെല്ലുവിളി ഉണ്ടാക്കാൻ മാത്രമുള്ള കഥാ സന്ദർഭങ്ങൾ സിനിമയിൽ ഉണ്ടായില്ല.
നയൻതാരയുടെ ഡബ്ബിങ് അത്ര മികച്ചതായി തോന്നിയില്ല. മറ്റു ഭാഷകളിലെ നയൻതാരയുടെ ശബ്ദം കേട്ടിട്ട് ആണോ എന്നറിയില്ല പക്ഷേ നയൻതാര അനുയോജ്യമായ ശബ്ദമായി ഈ ശബ്ദം അനുഭവപ്പെട്ടില്ല.
സിനിമയിലുടനീളം വരുന്ന ചെറിയ റോളുകൾ ഉള്ള ആൾക്കാർ വരെ വളരെ മികച്ചതായി തന്നെ ചെയ്തു, പ്രത്യേകിച്ച് കോടതിയും ആയ ബന്ധപ്പെട്ട രംഗങ്ങളിൽ വരുന്നവർ അനായാസത്തൊടെ അഭിനയിച്ചതായി തോന്നി.
ത്രില്ലറുകളുടെ പെരുമഴക്കാലം ആയ ഇന്നത്തെ സിനിമ ലോകത്തിൽ വ്യത്യസ്തമായ ഒരു ത്രില്ലർ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നതിന് സംവിധായകൻ ഒരു കയ്യടി അർഹിക്കുന്നു.
അദ്ദേഹത്തിൽ നിന്ന് കൂടുതൽ നല്ല സിനിമകൾ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം.
കൂടുതൽ പ്രതീക്ഷിക്കാതെ കണ്ടാൽ നിരാശപ്പെടുത്തില്ല എന്ന് തോന്നുന്നു..
കാണാത്തവർ വേഗം കണ്ടോളൂ... ട്ടോ
Comments
Post a Comment